കൊല്ലം : കടലില്‍ ജെല്ലിഫിഷും കടല്‍ മാക്രിയും പെരുകിയതോടെ വലവയ്ക്കാന് പ്രയാസപ്പെട്ട് മത്സ്യത്തൊഴിലാളികള്‍. ഒരു തവണ വല വയ്ക്കുമ്പോള്‍ നൂറുകണക്കിനു ജെല്ലിഫിഷാണ് വലകളില്‍ കുടുങ്ങുന്നത്. ജെല്ലി ഫിഷിനൊപ്പം കടല്മാക്രിയും ഉപദ്രവമുണ്ടാക്കുന്നു. ജെല്ലി ഫിഷ് ചൊറിച്ചില്‍ ഉണ്ടാക്കുന്നതും ചൊറിച്ചില്‍ ഇല്ലാത്തതുമായി രണ്ടു വിധത്തിലുണ്ട്. കടല്‍ മാക്രി വല കടിച്ചു മുറിക്കുന്നതിനൊപ്പം വലയില്‍ കുടുങ്ങിയ മീനുകളേയും നശിപ്പിക്കുന്നു.
മത്സ്യസമ്പത്ത്, വിനോദസഞ്ചാരം എന്നിവയെയും ഇവ പ്രതികൂലമായി ബാധിക്കുന്നു. പ്രദേശികമായി കാന്തച്ചൊറി എന്ന് അറിയപ്പെടുന്ന ജെല്ലിഫിഷാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. 90ശതമാനം വെള്ളം നിറഞ്ഞ ജെല്ലിഫിഷുകള്‍ കൂട്ടത്തോടെ വലയില്‍ കയറുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ നഷ്ടം ഉണ്ടാക്കുകയാണ്. വലപൊട്ടിച്ചാണ് ഇവയെ കളയുന്നത്. ഓഗസ്ത് മുതല്‍ സെപ്റ്റംബര്‍ വരെ കൂട്ടത്തോടെയാണ് എത്തുന്നത്.
കടല്‍ച്ചൊറികളില്‍ ചിലത് ശരീരവുമായി സന്പര്ക്കത്തിലായാല് ചൊറിച്ചിലും നീറ്റലും ഉണ്ടാക്കാറുണ്ട്. ഇക്കാരണത്താല്‍ കടലില്‍ കുളിക്കാന്‍ കഴിയാത്തത് വിനോദസഞ്ചാരമേഖലയെയും ബാധിക്കുന്നു. മീനുകളുടെ ലാര്‍വയെ ഇവ ഭക്ഷിക്കുന്നത് മത്സ്യസന്പത്തിനും പ്രതികൂലമാണ്. സമുദ്രത്തില്‍ വരുന്ന മാറ്റവും ഇരപിടിയന്മാരായ കടലാമകള്‍, വലിയ മത്സ്യങ്ങള്‍ എന്നിവയുടെ കുറവും ജെല്ലിഫിഷുകളുടെ വര്‍ധനയ്ക്ക് ഇടയാക്കുന്നതായാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
മീന്‍ കുറഞ്ഞു
ചിങ്ങമാസം മീന്കാലമെന്ന പഴയ രീതി മാറുകയാണ്. രണ്ടു ദിവസമായി കൊഴിയാളയും കുറച്ചു മത്തിയും കിളിമീനുമാണ് ലഭിക്കുന്നത്. അയല, കൊഴിയാള, മത്തി, ചെമ്മീന്‍, നെത്തോലി തുടങ്ങിയ മീനുകളാണ് ചിങ്ങത്തില് സുലഭമായി ലഭിച്ചുപോന്നത്. മഴ കുറഞ്ഞതോടെ മീന്‍ ലഭ്യത രണ്ടുനാളായി കുറഞ്ഞു. മൂന്നു നാള് മുമ്പ് കണവ, അയല എന്നിവ ലഭിച്ചിരുന്നു. ശക്തമായ മഴ പെയ്താല്‍ മാത്രമേ ഇനി നല്ല രീതിയില്‍ മീന്‍ ലഭിക്കൂവെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കാലാവസ്ഥ മാറിയത് മീന്‍ ലഭ്യത കുറയാനും മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കാനും ഇടയാക്കിയിരിക്കുകയാണ്.